നടി കത്രീന കൈഫിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. പ്രസവാനന്തരമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ സ്വാഭാവികമായി സ്വീകരിക്കാനും സൗന്ദര്യ സങ്കൽപ്പങ്ങളുടെ പേരിൽ പതറാതിരിക്കാനും കത്രീന പ്രചോദിപ്പിച്ചതിനാണ് ദിയയുടെ നന്ദി.
അംബാനി കുടുംബത്തിന്റെ ഗണേശോത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത കത്രീനയുടെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദിയ വൈകാരികമായ കുറിപ്പ് ഇൻസ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.
‘‘പ്രസവിച്ചതിന് ശേഷം ആ ലുക്കിൽ തന്നെ കാണപ്പെടുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദി കത്രീന. പഴയ രൂപത്തിലേക്ക് തിരികെ വരാൻ നമുക്കിനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ നമ്മുടെ കുഞ്ഞിനാണ് പ്രഥമ പരിഗണന.’ എന്നാണ് കത്രീനയുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് ദിയ കുറിച്ചത്.
പ്രസവാനന്തരം വണ്ണം വെയ്ക്കുമ്പോൾ സ്ത്രീകൾ നേരിടുന്ന അനാവശ്യ സമ്മർദ്ദങ്ങളെ ചൂണ്ടിക്കാണിക്കുന്നതാണ് ദിയയുടെ ഈ വാക്കുകൾ.
മുംബൈയിൽ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയിൽ നടന്ന ഗണേശോത്സവ ചടങ്ങിൽ ഭർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് പങ്കെടുത്തത്.
പ്രസവ ശേഷം അപൂർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള കത്രീനയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നടിയുടെ ശരീരഭാരത്തെയും ലുക്കിനെയും ചോദ്യം ചെയ്ത് സൈബർ ആക്രമണം നടത്തിയിരുന്നു.